
തൃശൂര്: കേരളത്തിലെ പട്ടികജാതി, പട്ടികവര്ഗ വിഭാഗങ്ങളുടെ വികസനത്തിനായി എം.പിമാര് ചെലവാക്കേണ്ട ഫണ്ടില്നിന്ന് 64,58,60,900 രൂപയോളം ലാപ്സായി. കഴിഞ്ഞ നാലുവര്ഷത്തിനിടയില് 36 എം.പിമാര് ചെലവഴിക്കേണ്ടിയിരുന്ന തുകയാണ് ലാപ്സായതെന്ന് എസ്.സി, എസ്.ടി. ഫെഡറേഷന് സംഘടപ്പിച്ച 'എം.പി. ഫണ്ടും പട്ടിക ജനസമൂഹവും' സെമിനാറില് വ്യക്തമാക്കി. വിഷയാവതരണം നടത്തിയ ഭീം മിഷന് ജനറല് കണ്വീനര് അഡ്വ. സജി കെ. ചേരമനാണ് പട്ടികവിഭാഗത്തോടുള്ള അവഗണനയുടെ കണക്കുകള് അവതരിപ്പിച്ചത്.
ഒരു എം.പിക്ക് ഒരു വര്ഷം ചെലവാക്കാന് ലഭിക്കുന്ന തുക അഞ്ചു കോടി രൂപയാണ്. കേന്ദ്ര ഗവണ്മെന്റ് അനുവദിക്കുന്ന ഈ തുകയില് 22 ശതമാനം ഈ വിഭാഗങ്ങള്ക്ക് മാറ്റിവെച്ചിട്ടുള്ളതാണ്. എന്നാല് നാലുവര്ഷം അനുവദിച്ചു കിട്ടിയ 78,30,00,000 രൂപയില് ചെലവഴിച്ചതാകട്ടെ 13,71,39,100 രൂപ മാത്രം. അതായത് 17.51 ശതമാനം മാത്രം. ബാക്കി 84.49 ശതമാനം തുകയും നഷ്ടപ്പെടുത്തി.
ജനറല് വിഭാഗത്തില് ചെലവഴിക്കേണ്ട മുഴുവന് തുകയേക്കാള് കൂടുതല് പദ്ധതികള് വച്ചുകൊണ്ട് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മൂന്നു മുന്നണികളും ഒരുപോലെ നടപ്പിലാക്കാതിരുന്നത് പട്ടികജാതി പട്ടികവര്ഗ വിഭാഗങ്ങളുടെ ഫണ്ടുകളാണെന്ന് രേഖകള് സഹിതം അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല കേരളത്തിലെ എം.എല്.എമാര് അഞ്ചുവര്ഷം നടപ്പിലാക്കാന് ലഭിക്കുന്ന ഫണ്ടുകളില് ഈ വിഭാഗങ്ങള്ക്ക് ലഭിക്കേണ്ട 10 ശതമാനം ഗവണ്മെന്റ് വകയിരുത്തിയിട്ടില്ല. ഏകദേശം ലഭിക്കേണ്ട 700 കോടി രൂപ എവിടെയാണ് ചെലവഴിക്കുന്നതെന്നു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില് ഫെഡറേഷന് ചെയര്മാന് എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു.







Comments