
തൃശൂര്‍ : ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്ശേഷം പ്രതികരിച്ച് കെ മുരളീധരന്. പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു.
തൃശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ മുരളീധരന് പറഞ്ഞു. ഒ.രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും പറഞ്ഞു. ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മുന്നണികൾക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞെന്ന കെ മുരളീധരന് പറഞ്ഞു.






