
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് കുറഞ്ഞതില്‍ ഞെട്ടിനില്‍ക്കുന്ന ബിജെപിയെ വെട്ടിലാക്കി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശം നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോ എന്ന് ജയ്റാം രമേശ് ചോദിച്ചു. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം മോദി അവിടം സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ഇനി ശ്രദ്ധ രാഷ്ട്രനിർമ്മാണത്തിലേക്ക് മാറണമെന്നും രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.സമ്പദ്വ്യവസ്ഥ, പ്രതിരോധ തന്ത്രം, കായികം, സംസ്കാരം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ രാജ്യം കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. അതിനർത്ഥം എല്ലാ വെല്ലുവിളികളെയും തരണം ചെയ്തുവെന്നതല്ല. ആ വെല്ലുവിളികളെയും കൂടി മറികടക്കുന്ന ഭരണമാണ് ഈ അഞ്ചു വർഷം എൻഡിഎ സർക്കാർ നടത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.






