
മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ വർഷങ്ങള്‍ക്കുശേഷം ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമാസ്വാദകരായ ഏതൊരു പ്രേക്ഷകനും റീ മാസ്റ്റഡ് വേർഷൻ വരണമെന്ന് ആഗ്രഹിച്ച ചിത്രം കൂടിയാണ് ദേവദൂതൻ. ഇന്നും ആ സിനിമ പലരും കാണുന്നത് വലിയ ആവേശത്തോടെയാണ്.
പക്ഷേ ഇന്നും ദേവദൂതൻ യുട്യൂബിലും ടിവിയിലും മറ്റും കാണുമ്പോള്‍ ഇത്രയൊക്കെ പ്രേക്ഷകപ്രീതി നേടിയ സിനിമായിട്ടും അക്കാലത്ത് ദേവദൂതന് എന്ന സിനിമ പരാജയപ്പെട്ടുവെന്നത് പലരും ആശ്ചര്യത്തോടെ ചോദിക്കുന്ന ചോദ്യമാണ്. കള്‍ട്ട് ക്ലാസിക് എന്ന് വിളിക്കാവുന്ന ഈ സിനിമ പലരും പിന്നെയും പിന്നെയും കാണാനിഷ്ടപ്പെടുന്നതാണ്. ഇനിയൊരാള്‍ക്കും അതുപോലൊരു സിനിമ ചെയ്യാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഈ സിനിമ റീ റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയിലെ ‘എൻ ജീവനേ എങ്ങാണു നീ’ എന്ന പാട്ടിന് തിയേറ്ററില്‍ കൂവല്‍ ലഭിച്ച സംഭവം വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നിഖില്‍ മഹേശ്വറായി വേഷമിട്ട നടനും സംവിധായകനുമായ വിനീത് കുമാറും. എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് തിയേറ്ററില്‍ കൂവല്‍ ലഭിച്ചതോടെ തിയേറ്ററുടമകള്‍ തന്നെ ഈ പാട്ട് സിനിമയില്‍ നിന്നും കട്ട് ചെയ്താണ് പ്രദർശിപ്പിച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു.
ദേവദൂതൻ തനിക്ക് ഒരു പരാജയപ്പെട്ട സിനിമയല്ലെന്നാണ് രഘുനാഥ് പലേരി പറയുന്നത്. ‘‘കാലത്തിന് മുമ്പേ ദേവദൂതൻ സഞ്ചരിച്ചു... പിറകെ സഞ്ചരിച്ചു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ആ സിനിമയുടെ ഭാവം ഉള്‍ക്കൊള്ളുന്നവർ തിയേറ്ററിലേക്ക് വരാതിരുന്നതാകാം അന്ന് സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന്. ഒരു സിനിമ തിയേറ്ററില്‍ പ്രദർശിപ്പിക്കുമ്പോള്‍ നൂറുപേർ കാണാൻ എത്തിയിട്ടുണ്ടെങ്കില്‍. നൂറ് പേരും നൂറ് സിനിമയാകും കണ്ടിട്ടുണ്ടാവുക. ആരും കാണാതിരിക്കേണ്ട സിനിമയാണ് ദേവദൂതനെന്ന് ഇന്നും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ 24 വർഷം പിന്നിട്ടിട്ടും ആരും ഇതിനെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നില്ല. ദേവദൂതൻ എനിക്ക് പരാജയപ്പെട്ട സിനിമയല്ല. ആ സിനിമ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്.
അന്ന് എറിഞ്ഞ കല്ല് ഇന്നാണ് കൊള്ളുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അതുപോലെ എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് തിയേറ്ററില്‍ അന്ന് കൂവല്‍ കിട്ടിയിരുന്നു. അന്ന് ഞാൻ അവിടെയിരുന്ന് വിറച്ചു. ഇത്രയും മണ്ടന്മാരാണോ ആളുകള്‍ എന്നൊക്കെ തോന്നി. കൂടാതെ മോഹൻലാല്‍ കഥാപാത്രത്തോട് ജയപ്രദ മാപ്പ് പറയുന്ന സീനിന്റെ സമയത്ത് തിയേറ്ററില്‍ പലരും അവശബ്ദമുണ്ടാക്കി.
അങ്ങനെയൊക്കെയുള്ള അനുഭവം എനിക്ക് ആദ്യമായിരുന്നു. മുമ്പ് തമാശരൂപത്തിലുള്ള പരിഹാസങ്ങള്‍ മാത്രമാണ് ഞാൻ കേട്ടിട്ടുള്ളത്. ഇത്തരത്തിലുള്ളത് ദേവദൂതൻ പ്രദർശിപ്പിച്ചപ്പോഴാണ് അനുഭവിക്കുന്നത്. ഒരു ഫ്രഷ് ഫിലിമാണ് ദേവദൂതൻ എന്നത് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്...’’ രഘുനാഥ് പലേരി പറയുന്നു.
തന്റെ മക്കള്‍ക്കൊപ്പം സിനിമ കാണാൻ പോകുന്നുവെന്ന എക്സൈറ്റ്മെന്റുണ്ടെന്നാണ് വിനീത് കുമാര്‍ പറയുന്നത്. ‘‘ദേവദൂതൻ റീ റിലീസിന് എത്തുമ്പോള്‍ എന്റെ മക്കള്‍ക്കൊപ്പം സിനിമ കാണാൻ പോകുന്നുവെന്ന എക്സൈറ്റ്മെന്റുണ്ട്. എൻ ജീവനേ എങ്ങാണു നീ എന്ന പാട്ടിന് കൂവല്‍ കിട്ടിയതുകൊണ്ട് തിയേറ്ററുകാർ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കിയാണ് പ്രദർശിപ്പിച്ചിരുന്നത്. പക്ഷെ സിബി സാറൊന്നും അത് അറിഞ്ഞിട്ട് പോലുമില്ല. പക്ഷെ ആ പാട്ടായിരുന്നു ആ സിനിമയുടെ ആത്മാവ്.
ഈ സിനിമയിലെ പാട്ടുകളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചല്ലോ എന്നതാണ് എന്റെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. മഹേശ്വർ എന്ന കഥാപാത്രത്തിന് രഘു ചേട്ടൻ കൃത്യമായ ഡീറ്റെയ്ലിങ് കൊടുത്തിരുന്നു. പക്ഷെ എനിക്ക് സ്ക്രീൻ സ്പേസ് കുറവാണ്. എന്നാലും ഇന്നും ആളുകളുടെ മനസില്‍ ആ കഥാപാത്രം നില്‍ക്കുന്നത് എഴുത്തിന്റേയും ആ ക്രാഫ്റ്റിന്റെയും ഭംഗികൊണ്ടാണ്...’’ വിനീത് പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടുള്ള അഭിമുഖത്തിലാണ് ഇവര്‍ മനസ്സു തുറന്നത്.






