
വിമാനത്തിൽ വാഷ്റൂമിൽ പോകാൻ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് നിലത്തുകൂടി ഇഴഞ്ഞു പോകേണ്ടി വന്ന അവസ്ഥ വിവരിച്ച് ഭിന്നശേഷിക്കാരനായ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ. 2004ലെ യുദ്ധ റിപ്പോർട്ടിങിനിടെ കാലുകൾ നഷ്ടമായ ബിബിസി ലേഖകൻ ഫ്രാങ്ക് ഗാർനറാണ് എക്സിലൂടെ അനുഭവം വിവരിച്ചത്. LOT പോളിഷ് എയർലൈൻസ് വിമാനത്തിൽ പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ നിന്ന് യാത്ര ചെയ്യവെയാണ് സംഭവം.
അതേസമയം ക്രൂരമായ സമീപനം സ്വീകരിച്ച വിമാനക്കമ്പനിയുടെ നടപടിയിൽ രൂക്ഷമായ പ്രതികരണമുണ്ടായതിന് പിന്നാലെ വിമാനത്തിലെ ജീവനക്കാർ തന്നെ പരമാവധി സഹായിച്ചെന്നും തന്നോട് ക്ഷമാപണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു, ഇത് ജീവനക്കാരുടെ പ്രശ്നം കൊണ്ടല്ല മറിച്ച് വിമാനക്കമ്പനിയുടെ നയം കാരണമാണ് സംഭവിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
യാത്രയ്ക്കിടെ ഫ്രാങ്കിന് വാഷ്റൂമിൽ പോകേണ്ടിവന്നപ്പോൾ വീൽ ചെയർ ചോദിച്ചു. അപ്പോഴാണ് വിമാനത്തിനകത്ത് വീൽ ചെയർ അനുവദിക്കില്ലെന്ന് അവർ അറിയിച്ചത്. ഇതോടെ മറ്റ് വഴിയില്ലാതെ നിലത്തുകൂടി ഇഴഞ്ഞ് അദ്ദേഹത്തിന് വാഷ്റൂമിലേക്ക് പോകേണ്ടി വന്നു. 2024 ആയിട്ടും ഒരു ഭിന്നശേഷിക്കാരന് വിമാനത്തിൽ നിലത്തുകൂടി ഇഴഞ്ഞ് നീങ്ങേണ്ടി വന്ന അവസ്ഥ LOT പോളിഷ് എയർലൈൻ ഭിന്നശേഷിക്കാരോട് കാണിക്കുന്ന സമീപത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് വിമാനത്തിനകത്ത് വീൽ ചെയറുകളില്ലെന്നും അത് തങ്ങളുടെ കമ്പനി പോളിസിയാണെന്നും ജീവനക്കാർ അറിയിച്ചു. നടക്കാൻ കഴിയാത്തവരോടുള്ള വിവേചമാണിതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ പലവട്ടം ക്ഷമാപണം നടത്തി. അവരുടെ കുറ്റമല്ല, മറിച്ച് കമ്പനിയാണ് ഈ നയത്തിന് ഉത്തരവാദി. 21-ാം നൂറ്റാണ്ടിന്റെ ഭാഗമാവാൻ തയ്യാറവാത്ത LOT കമ്പനിയുടെ വിമാനത്തിൽ ഇനി താൻ യാത്ര ചെയ്യില്ലെന്നും അദ്ദേഹം കുറിച്ചു.






