
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് മികച്ച തുടക്കം. മത്സരത്തിന്റെ ഒന്നാം ദിനം മഴ കാരണം മത്സരം തടസ്സപ്പെട്ടപ്പോള്‍ പഞ്ചാബിന്റെ അഞ്ച് വിക്കറ്റാണ് നഷ്ടമായത്. നിലവില്‍ 39 ഓവറില്‍ അഞ്ചിന് 95 റണ്‍സെന്ന നിലയിലാണ് പഞ്ചാബ് .കേരളത്തിന് വേണ്ടി ആദിത്യ സര്‍വതെ മൂന്നും ജലജ് സക്സേന രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭ്യ് ചൗധരിയെ ആദിത്യ സര്‍വാതെ ക്യാപ്റ്റൻ സച്ചിന് ബേബിയുടെ കൈകളിലെത്തിച്ചു. നമാന്‍ ദിറും അൻമോല്പ്രീത് സിംഗും പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും ദിറിനെ(10) മടക്കി സര്‍വാതെ തന്നെ പഞ്ചാബിനെ ബാക്ക് ഫൂട്ടിലാക്കി. പിന്നാലെ ക്യാപ്റ്റന്‍ പ്രഭ്സിമ്രാന് സിംഗിനെ(12) സര്‍വാതെ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 37-3ലേക്ക് കൂപ്പുകുത്തി.പിന്നീട് എത്തിയ നെഹാല്‍ വധേരയെ(9) ജലജ് സക്സേന ബൗള്‍ഡാക്കിയപ്പോള്‍ പിടിച്ചു നില്ക്കാന് ശ്രമിച്ച അന്‍മോല്‍പ്രീതിനെയും(28) ജലജ് തന്നെ വീഴ്ത്തി പഞ്ചാബിനെ 62-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി. .28 റണ്‍സോടെ രമണ്‍ദീപ് സിംഗും ആറ് റണ്‍സുമായി കൃഷ് ഭഗത്തുമാണ് ക്രീസില്‍.
ദേശീയ ടീമിനൊപ്പമായതിനാല്‍ നിലവില്‍ സഞ്ജു സാംസണെ രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിന് പകരം സച്ചിന് ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്.ആദ്യദിനം മഴമൂലം പലവട്ടം മത്സരം തടസപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി.





