
ന്യൂഡല്‍ഹി : ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയുമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,115 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ് തീരുമാനമെടുത്തത്.
കേന്ദ്രം അനുവദിച്ചിട്ടുള്ളത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് .കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രത്യേക മേഖലകള്‍ക്കോ മറ്റ് പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ഫണ്ട് ഏത് വിധത്തിൽ ചെലവഴിക്കണമെന്ന കാര്യത്തില്‍ അതാത് സംസ്ഥാനത്തിന് തീരുമാനമെടുക്കാം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.ഈ വർഷം വിവിധ സംസ്ഥാനങ്ങൾക്കായി 21476 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.






