
തിരുവനന്തപുരം: സംസ്ഥാനത്തു സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിയിട്ടു നാളുകള്‍ ഏറെയായെങ്കിലും സര്‍ക്കാരിന് അനക്കമില്ല. തൊട്ടതിനൊക്കെ തീവിലയായിട്ടും വിപണി ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ നോക്കി നില്ക്കുന്നു. പച്ചക്കറി അടക്കം നിത്യപയോഗ സാധനങ്ങള്‍ക്ക് എല്ലാം റെക്കോര്‍ഡ് വിലയാണ്. വില അധികം ആയതോടെ പല സാധനങ്ങളും വിപണിയില്‍ നിന്നും ഒഴിവായി തുടങ്ങി.
മണ്ഡല മകരവിളക്കു കാലത്തു പച്ചക്കറികള്‍ക്ക് വില ഉയരാറുണ്ടെങ്കിലും വില ഇത്രയും ഉയരുന്നത് സമീപകാലത്തു ആദ്യമാണ്. കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന തമിഴ്നാട്ടിലും കര്‍ണാടകയിലും കാലം തെറ്റി പെയ്ത മഴ റെക്കോര്‍ഡ് വിലക്കയറ്റത്തിനു കാരണം ആയിട്ടുണ്ട്.
ഈ പേരില്‍ സംസ്ഥാനത്തു പച്ചക്കറികള്‍ക്ക് ചില്ലറ വില്പനക്കാര് തോന്നിയ വില ഈടാക്കി തുടങ്ങിയതോടെയാണ് പച്ചക്കറി വില 'കത്തി' നില്‍ക്കുന്നത്. സര്‍ക്കാര്‍ വിപണിയിലേക്ക് തിരിഞ്ഞ് നോക്കാതെയായതോടെ ഇവിടെ നടക്കുന്നത് പിടിച്ചുപറിയാണ്.സാധാരണ മണ്ഡല മകരവിളക്ക് കാലത്തു നടക്കുന്ന പരിശോധന പോലും നിലച്ചതോടെ കൊള്ളയടി ആണ് ചെറുകിട വ്യാപാരികള്‍ നടത്തുന്നത്.
600 രൂപയില്‍ തൊട്ടതോടെ മലയാളികളുടെ ഇഷ്ടപ്പെട്ട കറികളില്‍നിന്നു മുരിങ്ങയ്ക്ക പുറത്തായി. സവോള വില ഉയര്‍ന്നു നില്ക്കാന് തുടങ്ങിയിട്ട് മാസങ്ങള്‍ ആയി. ഉയര്‍ന്ന വില കൊടുത്താലും നല്ല സവോള കിട്ടാനുമില്ല. ബീറ്റ്റൂട്ട്, വെളുത്തുള്ളി, ഇഞ്ചി, കാരറ്റ്, പച്ച ഏത്തക്കായ എന്നിവയ്ക്കും തീ വില ആയിട്ടു നാളുകള്‍ ഏറെയായി. ഏത്തപ്പഴത്തിനും ചെറു പഴങ്ങള്‍ക്കും അടക്കമുള്ള പഴങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്കുള്ളിലാണ് മുരിങ്ങയ്ക്കയുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറിയത്. കഴിഞ്ഞമാസം 20 വരെ കിലോഗ്രാമിന് 120 രൂപ വരെയായിരുന്ന വില കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 600 രൂപയില്‍ തൊട്ടത്. ഇതോടെ പലയിടത്തും കിട്ടാക്കനിയായി. ശബരിമല സീസണ് ആരംഭിച്ചതും തമിഴ്നാട്ടില്‍നിന്നുള്ള മുരിങ്ങക്കയുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മുരിങ്ങക്കയാണ് കൂടുതലായും കിട്ടുന്നത്. തണുപ്പ് തുടങ്ങിയതോടെ ഇതിന്റെയും വരവ് കുറയും.
നാടന്‍ മുരിങ്ങക്ക എത്തി തുടങ്ങിയാല്‍ കയറിയതുപോലെ വില താഴെക്ക് എത്തും. കാന്താരി മുളകിന്റെ വിലയും കിലോഗ്രാമിനു 500 രൂപയിലെത്തി.ആഴ്ചകള്‍ക്കു മുമ്പു വരെ 300 രൂപയുണ്ടായിരുന്ന കാന്താരിയാണ് ഇപ്പോള്‍ 500 രൂപയിലെത്തിയത്. സാധാരണ ശബരിമല സീസനില്‍ ആണ് തേങ്ങാ വില ഉയരുന്നത്. എന്നാല്‍ ഇക്കുറി സീസന് തുടങ്ങുമുമ്പേ വില കൂടി.ഏത്തപ്പഴത്തിന്റെ വിലയും ഉയരുകയാണ്. വില കിലോഗ്രാമിന് 75 മുതല്‍ 80 രൂപവരെയെത്തി. 45-50 രൂപവരെയായിരുന്നു വില. പഴത്തിനൊപ്പം പച്ചക്കായയുടെ വിലയും ഉയര്‍ന്നിട്ടുണ്ട് 35 രൂപയില്‍നിന്നു വില 50 രൂപയിലെത്തി. കഴിഞ്ഞമാസം ആദ്യം 40 രൂപയുണ്ടായിരുന്ന ബീറ്റുറൂട്ടിന് 60-80 രൂപയാണു വില.
കമ്പം ബീറ്റ്റൂട്ടിനാണ് 60 രൂപ. ഊട്ടി ബീറ്റ്റൂട്ട് ലഭിക്കുന്നത് 70--80 രൂപ നിരക്കിലാണ്. 55 രൂപയായിരുന്ന കാരറ്റിനും 80 രൂപയായി വില ഉയര്‍ന്നു. ചെറിയ സവാളയുടെ വില കിലോഗ്രാമിനു 40 രൂപയും പുനെയില്‍ നിന്നെത്തിക്കുന്ന വലുപ്പമുള്ള സവാളയുടെ വില 80 രൂപയുമാണ്. വെളുത്തുള്ളി വില 400 രൂപ, ഇഞ്ചിവില 80 മുതല്‍ 120 രൂപ വരെയുമാണ്. 55 രൂപയായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 64 രൂപയായി. തേങ്ങാ വില കുടിയത്തോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ചെറുകിടവിപണിയില് 240 രൂപ വരെ വാങ്ങുന്നുണ്ട്. കാബേജ്, വെണ്ടയ്ക്ക, തക്കാളി, കോവയ്ക്ക, ബീന്‍സ്, പയര്‍, മത്തങ്ങ, പടവലം എന്നിവയ്ക്കു മൊത്ത വിപണിയില്‍ കാര്യമായ തോതില്‍ വില വര്ധിച്ചിട്ടില്ലങ്കിലും ചെറുകിട വ്യാപാരികള്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്.
അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിക്കുകയാണ്. ചെറുകിട വ്യാപാര സ്ഥാപങ്ങളിലേക്ക് തിരിഞ്ഞ് നോക്കാതെ മൊത്ത വിപണിയിലെ വില പറഞ്ഞാണ് വിലക്കയറ്റം ഇല്ലെന്ന പ്രതിരോധം തിര്ക്കുന്നതു. ഗ്രാമങ്ങളില്‍ അടക്കം വ്യാപാര ഭീമന്മാര് എത്തിയതോടെ ചെറുകിട വ്യാപാരികള്‍ക്ക് നിലനില്പ് ഇല്ലാതെയായി. ഇതിനു പുറമേ വന്‍കിട സ്ഥാപനങ്ങളില്‍ ചെറിയ അളവില്‍ സാധനങ്ങള്‍ കിട്ടാനും ഇല്ലാതെയായതോടെ ആവശ്യം ഇല്ലെങ്കിലും വലിയ വില കൊടുത്തു കൂടുതല്‍ സാധങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.






