
മെല്‍ബണ്‍: ഇന്ത്യന്‍ പേസര്‍ ബുംമ്രയ്ക്കെതിരെ തകര്‍ത്ത് അടിച്ചുകൊണ്ട് അരങ്ങേറ്റം കളറാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് . ആദ്യ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയ 19 വയസ്സുകാരന് 65 പന്തില്‍ 60 റണ്‍സെടുത്താണ് പുറത്തായത്. അതില്‍ രണ്ടു സിക്സുകളും ആറു ഫോറുകളും മെല്‍ബണില്‍ ബൗണ്ടറി കടത്തി. ബുമ്രയ്ക്കെതിരെ കോണ്‍സ്റ്റാസ് നേടിയ റിവേഴ്സ് സ്കൂപ്പ് സിക്സും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
ടെസ്റ്റില്‍ മൂന്നു വര്‍ഷത്തിനിടെ ബുമ്രയുടെ പന്തില്‍ സിക്സടിക്കുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ് മാറി. ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകളാണ് താരം ഇന്ന് കണ്ടെത്തിയത്. രണ്ടും റിവേഴ്സ് സ്ക്യൂപ്പിലൂടെയായിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ സിക്സര്‍ വഴങ്ങാത്ത താരമാണ് ബുംമ്ര. ഇതിനിടയില്‍ താരം നാലായിരത്തിന് മുകളില്‍ പന്തുകളെറിയുകയും ചെയ്തു. ബുംമ്രയ്ക്കെതിരെ ഒരോവറില്‍ 18 റണ്‍സ് ചേര്‍ക്കാനും കോണ്‍സ്റ്റാസിനായി.
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ നാലും അഞ്ചും ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് ആരാധകര്‍ കേട്ട പേരായിരുന്നു സാം കോണ്‍സ്റ്റാസ്. ശേഷം ബോക്സിങ് ഡേ ടെസ്റ്റിനുള്ള ആദ്യ ഇലവനില്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനിക്ക് പകരം കോണ്‍സ്റ്റാസ് എത്തുമെന്ന് പാറ്റ് കമ്മിന്‍സ് ഉറപ്പിക്കുക കൂടി ചെയ്തപ്പോള്‍ ഈ യുവതാരത്തിന്റെ പ്രകടനം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ പ്രതേകമായി താന്‍ പേടിക്കുന്നില്ലെന്ന് കോണ്‍സ്റ്റാസ് മത്സരത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയതോടെ ഈ ആകാംഷ ഇരട്ടിയാക്കി.
FIRST SIX AGAINST BUMRAH IN TEST CRICKET AFTER 4,483 BALLS. 🥶
Sam Konstas, 19 year old, on debut - part of the history. 🤯pic.twitter.com/ZTATUCje5c— Mufaddal Vohra (@mufaddal_vohra) December 26, 2024
അതേസമയം ബുംമ്രയ്ക്കെതിരെ പായിച്ച റിവേഴ്സ് സ്കൂപ്പ് ഒരിക്കലും പ്ലാന്‍ ചെയ്തതായിരുന്നില്ലെന്നാണ് കോണ്‍സ്റ്റാസ് പറയുന്നത്. 'ഒരു സ്വപ്നം സാക്ഷാത്കരിച്ച പോലെയാണ് എനിക്ക് തോന്നുന്നത്. 'ഒന്നും പ്ലാന്‍ ചെയ്തതായിരുന്നില്ല. ലോകോത്തര ബൗളറാണ് ബുംമ്ര. അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളെ മാറ്റുകയെന്നതായിരുന്നു പ്രധാനപ്പെട്ട ശ്രമം', കോണ്‍സ്റ്റാസ് വ്യക്തമാക്കി.
ഒരു വലിയ ഗ്യാലറിക്ക് മുന്നില്‍ കളിക്കാന്‍ സാധിച്ചു. ഒരു വീട് പോലെയായിരുന്നു എനിക്ക് തോന്നിയത്. ഭയമില്ലാതെ കളിക്കണമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നോട് പറഞ്ഞിരുന്നു. മത്സരത്തിനിടെ കോഹ്ലിയെ സ്ലെഡ്ജ് ചെയ്തതിനെ കുറിച്ചും കോണ്‍സ്റ്റാസ് സംസാരിച്ചു. 'കോഹ്ലി എന്റെ പ്രിയപ്പെട്ട പ്ലേയറാണ്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും എന്റെയും വികാരങ്ങള്‍ ഒന്നുതന്നെയാണെന്ന് ഞാന്‍ കരുതുന്നു. ഇതെല്ലാം ക്രിക്കറ്റില്‍ സംഭവിക്കുന്നതു തന്നെയാണ്', കോണ്‍സ്റ്റാസ് കൂട്ടിച്ചേര്‍ത്തു.


