
മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്ക്കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ.മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം അപകടകാരിയായ ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്. പിന്നാലെ മിച്ചൽ മാർഷിനെയും അലക്സ് ക്യാരിയെയും വീഴ്ത്തിയ ബുംമ്രയുടെ ആകെ വിക്കറ്റ് നേട്ടം 202 ആയി. മത്സരത്തിലാകെ ഇതുവരെ ബുംമ്ര നാല് വിക്കറ്റുകൾ നേടി.
ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് ബുംറയുടെ പേരിലായി. 20-ന് താഴെ (19.5) ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. വെസ്റ്റ് ഇന്‍ഡീസിന്റെ താരങ്ങളായ മാല്‍ക്കം മാര്‍ഷല്‍ (20.9), ജോയല്‍ ഗാര്‍നര്‍ (21.0), കേര്‍ട്ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം.
വേഗത്തിൽ 200 വിക്കറ്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് ബുംമ്ര. രവീന്ദ്ര ജഡേജയ്ക്കൊപ്പം 44-ാം ടെസ്റ്റിലാണ് ബുംമ്രയുടെ 200 വിക്കറ്റ് നേട്ടം. 37 ടെസ്റ്റുകളിൽ നിന്ന് 200 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരം.
പരമ്പരയില്‍ ഇതിനോടകം തന്നെ 29 വിക്കറ്റുകളുമായി ബുംറയാണ് ഒന്നാമതുള്ള ബൗളര്‍. മെല്‍ബണ്‍ ടെസ്റ്റിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുക്കുന്നത്. നാലാം ദിവസം രണ്ട് സെഷൻ പിന്നിടുമ്പോൾ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ലീഡ് 333 റൺസും ആയി.


