തിരുവല്ല : സ്വന്തം ജീവിതകാലത്ത് പ്രാവര്‍ത്തികമാക്കി വിജയിപ്പിച്ച പ്രായോഗികമായ വേദാന്തമാണ് ശ്രീനാരായണ ഗുരുദേവനെ മറ്റു സന്യാസിമാരില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നതെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു. എസ്.എന്‍.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 17 മത് മനയ്‌ക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാപുരുഷന്മാരുടെ ജനനം ചരിത്രത്തിന്റെ ആവശ്യകതയാണ്. അവരുടെ ജീവിതം ഒരു നിയോഗമാണ്. വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ പുണ്യഭൂമിയാക്കി മാറ്റിയ ഗുരുദേവന്‍ ഒരു അവതാര പുരുഷനാണ്. സകലചാരാചരങ്ങളിലും ദൈവത്തിന്റെ അംശമുണ്ടെന്ന് ബോധ്യപ്പെടുത്തി. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി തുടങ്ങിവെച്ച വൈക്കം സത്യാഗ്രഹം പുരോഗമന വാദികളും യാഥാസ്‌ഥികരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള സമരമായിരുന്നില്ല അദ്ദേഹം പറഞ്ഞു അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള സംവദിച്ചുകൊണ്ടുള്ള സമീപനത്തിലൂടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് ഗുരുദേവനാണ്.
സംഘര്‍ഷഭരിതമായിരിക്കുന്ന ലോകത്ത് ഗുരുദേവ സന്ദേശം പ്രചരിപ്പിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍വെന്‍ഷന്‍ നഗറില്‍ സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്‌ഠ നടത്തി. യോഗം ഇന്‍സ്‌പെക്‌ടിംഗ് ഓഫീസര്‍ എസ് രവീന്ദ്രന്‍ ധര്‍മ്മപതാക ഉയര്‍ത്തി. എസ്.എന്‍.ട്രസ്‌റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ദീപ പ്രകാശനം നടത്തി.തിരുവല്ല യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സന്തോഷ് ശാന്തി ,കോഴഞ്ചേരി യൂണിയന്‍ പ്രസിഡന്റ് കെ.എന്‍.മോഹന്‍ബാബു, ബ്ലോക്ക് മെമ്പര്‍ എം.ഡി. ദിനേശ് കുമാര്‍, മോഹന്‍ സി.പപ്പു, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സന്തോഷ് ഐക്കരപ്പറമ്പില്‍, കണ്‍വീനര്‍ അഡ്വ.അനീഷ് വി.എസ്, ജില്ലാപഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത അപ്പുക്കുട്ടന്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, കേരള ബാങ്ക് ഡയറക്‌ടര്‍ ബിനില്‍കുമാര്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സുമ സജികുമാര്‍, യൂത്ത്‌മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ അനീഷ് ആനന്ദ്, യൂണിയന്‍ എംപ്ലോയീസ് ഫോറം ചെയര്‍മാന്‍ ഷാന്‍ രമേശ് ഗോപന്‍, സൈബര്‍സേന യൂണിയന്‍ ചെയര്‍മാന്‍ സനോജ് കളത്തുങ്കല്‍മുറി, വൈദികയോഗം ചെയര്‍മാന്‍ ഷാജി ശാന്തി, യൂണിയന്‍ പെന്‍ഷനേഴ്‌സ് ഫോറം കണ്‍വീനര്‍ പദ്‌മജ സാബു എന്നിവര്‍ പ്രസംഗിച്ചു.




