അടൂര്‍: ഓര്‍ഡിനറി സര്‍വീസ് അയയ്‌ക്കുന്നതില്‍ കൃത്യതയില്ല. യാത്രക്കാരുടെ തിരക്ക് മനസിലാക്കി സര്‍വ്വീസ് അയയ്‌ക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാകാത്തത് മൂലം യാത്രക്കാര്‍ വലയുന്നു. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ മൂന്ന് വരെ അടൂര്‍ ഡിപ്പോയി ല്‍ നിന്ന് പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല റൂട്ടില്‍ ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്ത സ്‌ഥിതിയാണ്.
അവധി ദിവസമായ വെള്ളിയാഴ്‌ച്ച പൊതുവെ തിരക്ക് ഏറെയായിരുന്നിട്ടും സമയക്രമം പാലിച്ച് ബസ് അയയ്‌ക്കാന്‍ വിവിധ ഡിപ്പൊ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്ന ആവ ശ്യം ശക്‌തമാണ്.
ഓര്‍ഡിനറി ബസില്ലാത്തതിനാല്‍ ചെറിയ ജംഗ്‌ഷനുകളില്‍ ഇറങ്ങേവര്‍ ബുദ്ധിമുട്ടി. ഒന്നര മണികൂറിലധികം കാത്ത് നിന്നിട്ടാണ് ഒടുവില്‍ പന്തളത്തിന് ഒരു ഓര്‍ഡിനറി ബസ് എത്തിയത്. ഇത്രയും നേരം കാത്ത് നിന്നവര്‍ ഓടിയടുത്തതോടെ ബസില്‍ കയറാന്‍ തിക്കും തിരക്കുമായി.പന്തളത്തിന് ബസില്ലാതിരുന്ന സമയത്ത് കൊട്ടാരക്കര ഭാഗത്തേക്ക് തുരുതുരെ ബസായിരുന്നു.
കൊട്ടാരക്കര, അടൂര്‍, ചടയമംഗലംഎന്നിവിടങ്ങളിലെ ഡിപ്പോകളില്‍ നിന്ന് അഞ്ചിലധികം ബസുകള്‍ ചടയമംഗലം ഭാഗത്തേക്ക് ബോര്‍ഡ് വച്ച് സ്‌റ്റാന്റില്‍ കിടപ്പുണ്ടായിരുന്നു.
ബസില്ലാതെ യാത്രക്കാര്‍ നില്‌ക്കുമ്പോള്‍ ആ ഭാഗത്തേക്ക് അതാത് ഡിപ്പോകളില്‍ നിന്ന് ബസ് അയയ്‌ക്കാനുള്ള നടപടി ഉണ്ടായില്ല.
മറ്റ് ഡിപ്പോകളില്‍ നിന്ന് ബസ് വരട്ടെ എന്ന നിലപാടാണ് ഇവിടത്തെ അധികൃതര്‍ക്കുണ്ടായിരുന്നത്. ഒരെ ദിശയിലേക്ക് ഒരേ സമയം മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ ഓടുമ്പോള്‍ തിരക്കില്ലാത്തത് മൂലമുള്ള നഷ്‌ടം കണക്കാക്കാതെയാണ് ബസുകള്‍ പലതും ഓടിക്കുന്നത്.




