പത്തനംതിട്ട : കര്‍ണാടകാ മോഡലില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര കേരളത്തിലും നടപ്പാക്കുമെന്ന് എ.ഐ.സി.സി നിരീക്ഷകന്‍ ധോട്ട ലക്ഷ്‌മികാന്ത റാവു. അടൂര്‍ യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥി അഡ്വ. സി.വി ശാന്തകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്‌ത്രീകള്‍ക്ക് സുരക്ഷയും സാമ്പത്തിക സ്വാതന്ത്രവും നേടിത്തരാന്‍ യു.ഡി.എഫിന് കഴിയും. തദ്ദേശ ഭരണത്തില്‍ മികവ് തെളിയിച്ച് മൂന്ന് തവണ പഞ്ചായത്ത് അംഗമായും രണ്ട് തവണ ബ്ലോക്ക് അംഗമായും പ്രവര്‍ത്തിച്ച സി.വി ശാന്തകുമാര്‍ മികച്ച വിജയം നേടും. അടൂരില്‍ വലിയ വികസനമുന്നേറ്റം നടത്താന്‍ ശാന്തകുമാറിന് സാധിക്കും.
ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രകാര്യങ്ങളുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഭരണത്തിലെ കെടുകാര്യസ്‌ഥതയും സുതാര്യതയില്ലായ്‌മയും സംബന്ധിച്ച് ഭക്‌തര്‍ക്കിടയില്‍ ഉയരുന്ന ആരോപണങ്ങളും ആശങ്കകളും അതീവ ഗൗരവത്തോടെ കാണണം. ഡിസിസി ജനറല്‍ സെക്രട്ടറി ഏഴംകുളം അജു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




