
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ് സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിതുനല്‍കുന്ന 374-ാമത് സ്‌നേഹ ഭവനം ബ്രിഗഡിയര്‍ കോശി കോട്ടാലിന്റെ സഹായത്താല്‍ അദ്ദേഹത്തിന്റെ 80 -മത് ജന്മദിന സമ്മാനമായി ഇലന്തൂര്‍ ഷാജി മന്‍സിലില്‍ ഷാഹിദാ രാജേഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കി.
വീടിന്റെ താക്കോല്‍ദാനവും ഉദ്‌ഘാടനവും ബ്രിഗേഡിയര്‍ കോശി കോട്ടാല്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായി സ്വന്തമായി ഒരു ഭവനം നിര്‍മ്മിക്കുവാന്‍ സാധിക്കാതെ പലവിധ ബുദ്ധിമുട്ടുകളാല്‍ കഷ്‌ടതയില്‍ കഴിഞ്ഞിരുന്ന ഷാഹിദയുടെയും കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം നേരില്‍കണ്ട് മനസ്സിലാക്കിയ ടീച്ചര്‍ ഇവര്‍ക്ക് ആയി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
ചടങ്ങില്‍ സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഷാജി രാഘവന്‍, പ്രോജക്‌ട് കോഡിനേറ്റര്‍ കെ. പി. ജയലാല്‍, ആലിസ് കോശി., ഡോ. എബി കെ. കോശി, ഡോ. റെയിച്ചു തോമസ്, തോമസ് കോശി എന്നിവര്‍ പ്രസംഗിച്ചു.




