
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ഗുണം ആര്‍ക്കായിരിക്കുമെന്ന സജീവചര്‍ച്ചകള്‍ക്കിടെ, ബൂത്ത് കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഭരണത്തുടര്‍ച്ച അവകാശപ്പെട്ട് ഇടതുകേന്ദ്രങ്ങള്‍. 2011-2021 വരെ തങ്ങളെ കൈവിടാത്ത 51 മണ്ഡലങ്ങളിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 20 അധിക സീറ്റുകള്‍ അപ്രാപ്യമല്ലെന്നും മുന്നണി വിലയിരുത്തുന്നു.
2021-ല്‍ ലഭിച്ച 99 സീറ്റുകളില്‍ പലതും നഷ്‌ടമാകുമെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 71 സീറ്റ് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ ബൂത്തുതല കണക്കുകള്‍. ചുരുങ്ങിയത് 77 മണ്ഡലങ്ങളില്‍ മേല്‍ക്കൈയുണ്ടെന്ന് സി.പി.എം. വിശ്വസിക്കുന്നു.
യു.ഡി.എഫിന് 2021-ല്‍ 41 സീറ്റാണുണ്ടായിരുന്നത്. കേവലഭൂരിപക്ഷത്തിന് 30 സീറ്റിന്റെ കുറവ്. നിലവിലെ കനത്ത പോളിങ് യാതൊരു തരംഗത്തിന്റെയും സൂചനയല്ലെന്നും ഭരണവിരുദ്ധവികാരമില്ലെന്നും എല്‍.ഡി.എഫ്. വിലയിരുത്തുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നേട്ടമുണ്ടാക്കാമെന്നു കണക്കുകളിലൂന്നി സി.പി.എം. അവകാശപ്പെടുന്നു.
അമ്പലപ്പുഴയില്‍
മാത്രം ആശങ്ക
മറുകണ്ടം ചാടി മത്സരിച്ച അഞ്ച് നേതാക്കളില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനു മാത്രമാണ് അല്‍പ്പമെങ്കിലും അനുകൂലസാഹചര്യമെന്നു സി.പി.എം. വിലയിരുത്തുന്നു. ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞിക്കൃഷ്‌ണന്‍, പി.കെ. ശശി എന്നിവര്‍ തോല്‍ക്കുമെന്നാണ് പാര്‍ട്ടി പ്രവചനം.
തിരുവനന്തപുരം ജില്ലയില്‍ പത്തിടത്ത് വിജയസാധ്യത കാണുമ്പോഴും നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം മണ്ഡലങ്ങളില്‍ കടുത്തമത്സരം നടന്നതായും സി.പി.എം. സമ്മതിക്കുന്നു.
സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്
നിയമസഭാ വോട്ടെടുപ്പിന്റെ പിറ്റേന്ന് ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റുകളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ന് രാവിലെ തിരുവനന്തപുരത്തു ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ചചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. 14 ജില്ലകളിലെയും ജയപരാജയസാധ്യതകള്‍ യോഗം വിലയിരുത്തും.






