
തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്ന വിലയിരുത്തലില്‍ സി.പി.എം കേന്ദ്രനേതൃത്വം. അതേസമയം മുന്‍പ് ലഭിച്ചിരുന്ന കൂറ്റന്‍ ഭൂരിപക്ഷവും മേല്‍ക്കൈയും ഇത്തവണ നഷ്ടപ്പെടുമെന്ന സൂചനകളുമുണ്ട്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു. ഭരണം ഉറപ്പാണെങ്കിലും സീറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ മുന്നണിസംവിധാനത്തിലും ഭരണത്തിലും അത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സി.പി.എമ്മിനു കൂടുതല്‍ സീറ്റ് ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദത്തിനു പാര്‍ട്ടി വഴങ്ങേണ്ടി വരുമെന്നത് കേന്ദ്രനേതൃത്വത്തെ അലട്ടുന്നുണ്ട്. മുന്നണിയിലെ പല പാര്‍ട്ടികളും വിലപേശല്‍ നടത്താനും പ്രധാനപ്പെട്ട വകുപ്പുകള്‍ക്കുവേണ്ടി അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. നേരിയ ഭൂരിപക്ഷം മാത്രമാണു ലഭിക്കുന്നതെങ്കില്‍, നിര്‍ണായക ഘട്ടത്തില്‍ ഘടകകക്ഷികള്‍ കൂറുമാറുമോയെന്ന ആശങ്കയും കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്കിടയിലുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് വ്യക്തമായ പദ്ധതികള്‍ തയാറാക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണം നിലനിര്‍ത്താനാവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനും ഘടകകക്ഷികളെ പിടിച്ചുനിര്‍ത്താനും മുന്‍കൂട്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
ചില പ്രത്യേക മണ്ഡലങ്ങളിലെ ഫലങ്ങള്‍ സി.പി.എമ്മിന്റെ വിലപേശല്‍ ശേഷിയെ ബാധിക്കുമെന്നാണു സൂചനകള്‍. പാര്‍ട്ടിയുടെ സീറ്റുകള്‍ വന്‍തോതില്‍ കുറഞ്ഞാല്‍, കേരളത്തിലെ സംഘടനാ സംവിധാനം അടിമുടി മാറ്റണമെന്ന നിലപാടിലാണു കേന്ദ്രനേതൃത്വം. വിജയത്തിനിടയിലും സീറ്റ് കുറഞ്ഞാല്‍ അത് ജനവികാരം എതിരായതിന്റെ സൂചനയായി കാണണം. അങ്ങനെയെങ്കില്‍ ഭരണത്തിലും പാര്‍ട്ടിപ്രവര്‍ത്തനത്തിലും കര്‍ശനമായ തിരുത്തലുകള്‍ കേന്ദ്രക്കമ്മിറ്റി നിര്‍ദേശിച്ചേക്കും.
താഴെത്തട്ടിലുള്ള സംഘടനാവീഴ്ചകള്‍ പരിശോധിക്കാനും ഭരണവിരുദ്ധ വികാരം എവിടെയൊക്കെ പ്രതിഫലിച്ചെന്നു പഠിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്.






