
തിരുവനന്തപുരം: വേനല്‍ചൂട് ദിവസംതോറും അധികരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു സൂര്യാഘാതത്തിനു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണു ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഉഷ്ണതരംഗം, ഉഷ്ണസൂചികാ പ്രതിഭാസങ്ങള്‍ക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തള്ളിക്കളയുന്നില്ല.
കടലിലും ഭൂമധ്യരേഖാപ്രദേശത്തും ചൂടു കൂടുന്നതിന്റെ ഭാഗമായി അന്തരീക്ഷതാപവും വര്‍ധിക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന ചൂടാണ് ഉഷ്ണസൂചിക. അന്തരീക്ഷതാപം 35 ഡിഗ്രിയാണെങ്കില്‍ മനുഷ്യനില്‍ 40 ഡിഗ്രിവരെ അനുഭവപ്പെടും. വന്‍തോതില്‍ അന്തരീക്ഷതാപം ഉയരുന്നതു ജീവനുതന്നെ ഭീഷണിയാകും. കഴിഞ്ഞവര്‍ഷം മുതലാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉഷ്ണസൂചിക രേഖപ്പെടുത്താന്‍ തുടങ്ങിയത്. നാലുവര്‍ഷമായി കേരളത്തിലെ ചൂട് 34 ഡിഗ്രിക്കുമേലാണ്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകും. മുന്‍കാലങ്ങളില്‍ കൂടിയ ചൂട് അനുഭവപ്പെട്ടിരുന്നതു പാലക്കാട്ടും പുനലൂരുമായിരുന്നെങ്കില് ഇപ്പോള്‍ കണ്ണൂരും ആലപ്പുഴയും തിരുവനന്തപുരവും പട്ടികയില്‍ ഇടംപിടിച്ചു. പാലക്കാട് ജില്ലയില്‍ മിക്ക ദിവസങ്ങളിലും ചൂട് 40 ഡിഗ്രിക്കു മേലാണ്. തെക്കന്ജില്ലകളെക്കാള് ചൂട് അനുഭവപ്പെട്ടതു വടക്കന്‍കേരളത്തിലാണ്. വടക്കുകിഴക്കന്‍ മണ്‍സൂണിലെ വന്കുറവാണു ചൂട് അധികരിക്കാന്‍ കാരണമെന്നു കാലവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എന്‍. സുദേവന് മംഗളത്തോടു പറഞ്ഞു.
സാധാരണഗതിയില്‍ ചൂട് കൂടുമ്പോള്‍ കടല്കാറ്റാണു ഭൂമിയേ തണുപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കിഴക്കന്മേഖലയില്നിന്നുള്ള കരക്കാറ്റിന്റെ ശക്തമായ സാന്നിധ്യം മൂലം കടല്‍കാറ്റ് നിഷ്പ്രഭമായി. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം മൂലമാണു ചൂട് കൂടുന്നതെന്ന കണ്ടെത്തല്‍ അസംബന്ധമാണെന്നും സുദേവന് പറഞ്ഞു.
സ്ഥലം ഉയര്‍ന്ന താപനില താഴ്ന്ന താപനില
കൊച്ചി 31.8 25.8
തിരു 33.0 23.2
ആലപ്പുഴ 35.0 24.8
കണ്ണൂര്‍ 35.7 26.0
തൃശൂര്‍ 39.7 23.2
പാലക്കാട് 38.2 23.7
പുനലൂര്‍ 38.0 19.5
കോഴിക്കോട് 35.2 25.9
കോട്ടയം 34.2 22.4
മലപ്പുറം 33.4 23.5






