
കൊച്ചി: 2021ല്‍ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ ഔദ്യോഗിക വാഹനത്തില്‍ വന്ന് രണ്ടാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത ദിവസം പിണറായി വിജയന് 76-ാം പിറന്നാള്‍ ദിനമായിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ ജന്മദിന അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി തുടര്‍ഭരണത്തിലേറിയ പിണറായിക്ക് ഇന്ന് 81 -ാംപിറന്നാള്‍.
പതിവുപോലെ ആഘോഷങ്ങളില്ലാത്ത ഈ പിറന്നാളില്‍ സി.പി.എമ്മിന്റെ സമുന്നത നേതാവിന് കൈവരുന്നത് പുതിയ ദൗത്യം. ആള്‍ബലം കുറഞ്ഞ പ്രതിപക്ഷത്തെ നയിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ. രണ്ടാം തുടര്‍ഭരണത്തിന് അവസരം ലഭിക്കാതെ പോയ മാര്‍ക്‌സിസ്‌റ്റ് നേതാവിന് ഇന്നും ആശംസാ പ്രവാഹത്തിനു കുറവുണ്ടാകില്ല. പിറന്നാള്‍ ആഘോഷിക്കാത്ത സഖാവിന് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയ്‌പുനീര്‍ പിറന്നാള്‍ മധുരം ഇല്ലാതാക്കുന്നില്ല.
മണിക് സര്‍ക്കാരിനും ജ്യോതി ബസുവിനുംശേഷം ഭരണത്തുടര്‍ച്ചയിലൂടെ ജനസേവനത്തിന് അവസരം ലഭിച്ച കമ്മ്യൂണിസ്‌റ്റ് നേതാവ് എന്ന റെക്കോഡ് ഇനി ചരിത്രത്തിന്റെ ഭാഗം. കണ്ണൂരിലെ പിണറായിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പിണറായി വിജയന്റെ ജീവിതം പോരാട്ടത്തിന്റെ കഥയാണ്. നിലപാടുകളിലെ കണിശതയും കാര്‍ക്കശ്യവുമാണ് വിജയനെന്ന നേതാവിനെ സൃഷ്‌ടിച്ചത്.
സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരിക്കെ, പാര്‍ട്ടിയെ കണിശതയോടെ നയിക്കുകയും ശക്‌തിപ്പെടുത്തുകയും ചെയ്‌ത നേതാവ്. 26-ാം വയസില്‍ 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണു പിണറായി വിജയന്‍ അറിയപ്പെടുന്നത്. കാലത്തിന്റെ മാറ്റത്തില്‍ ആ പ്രയോഗവാദം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടേയും.
'ഷര്‍ട്ടൂരുന്നതുപോലെ ശൈലി മാറ്റണമെന്നു പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറ്റിയെന്നിരിക്കട്ടെ പോയ വോട്ടുകള്‍ തിരിച്ചുവരുമോ'? 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പിണറായിയുടെ ശൈലീമാറ്റത്തിനായി മുറവിളി ഉയര്‍ന്നപ്പോള്‍ അന്നത്തെ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഭരണം മാറിയാലും ശൈലി മാറാത്ത പിണറായിസത്തെ ഇനി കാണാം പ്രതിപക്ഷ നേതൃനിരയില്‍. ഈ മാസം 29ന് ഗവര്‍ണറുടെ പ്രസംഗത്തിനു സഭ ചേരുമ്പോള്‍ അദ്ദേഹം വീണ്ടും നിയമസഭയിലെത്തും. സ്വന്തം പാര്‍ട്ടിപോലും ഉറ്റുനോക്കുന്ന ആ ശൈലിയുമായി.
രാജു പോള്‍






