
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി സലിം കുമാറിനെ പരിഗണിക്കുന്നതായി സൂചന. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രാജിവച്ചതിനു പിന്നാലെയാണിത്. ദേശീയ പുരസ്‌കാര ജേതാവും ജനപ്രിയ നടനുമായ സലിം കുമാര്‍ യു.ഡി.എഫിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സിനിമാരംഗത്തെ പ്രമുഖരിലൊരാളാണ്.
മുഖ്യമന്ത്രി വി.ഡി സതീശനുമായി അടുത്ത വ്യക്‌തിബന്ധമുള്ള സലിം കുമാര്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥികള്‍ക്കായി സജീവമായി പ്രചാരണരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല രാഷ്‌ട്രീയ നിലപാടുകള്‍ അദ്ദേഹം പൊതുവേദികളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലെ ചിറ്റാറ്റുകര സ്വദേശിയായ സലിം കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ പ്രസംഗങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ വി.ഡി സതീശനെ ചര്‍ച്ചയ്‌ക്കു വെല്ലുവിളിക്കുന്നത് പുലിമടയില്‍ തലവയ്‌ക്കുന്നതിന് തുല്യമാണെന്ന പരാമര്‍ശവും രാഷ്‌ട്രീയ ചര്‍ച്ചകളില്‍ വലിയ ശ്രദ്ധനേടിയിരുന്നു.
സലിം കുമാറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരം. 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സലിം കുമാര്‍ ഗൗരവമേറിയ കഥാപാത്രങ്ങളും അതേ മികവോടെ അവതരിപ്പിക്കുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചു. അതേസമയം, നടന്‍ ജഗദീഷ്, സംവിധായകന്‍ ദീപു കരുണാകരന്‍, നടിയും സംവിധായികയുമായ പ്രിയങ്ക നായര്‍ എന്നിവരുടെ പേരുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
റസൂല്‍ പൂക്കുട്ടി തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറി. സംസ്‌ഥാനത്ത് ഭരണമാറ്റം നടന്ന പശ്‌ചാത്തലത്തിലാണ് പടിയിറക്കം. പുതിയതായി അധികാരമേറ്റ യു.ഡി.എഫ് സര്‍ക്കാര്‍ പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയോ മറ്റു നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്‌തിരുന്നില്ല.
സുനില്‍ ജെ സണ്ണി






