
ബംഗളൂരു: നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണസാധനങ്ങൾക്ക് ഇത്രയും വിലയോ എന്ന് ചോദിച്ച് മൂക്കത്ത് വിരൽ വയ്ക്കുന്ന സമയം അധികം ദൂരത്തിലല്ല! നിങ്ങളുടെ പ്രിയപ്പെട്ട ഒരു പ്ലേറ്റ് ബിരിയാണിക്ക് ഉടൻ തന്നെ 500 രൂപയോളമായേക്കാം. അതോടൊപ്പം ഇഡ്ഡലി, മസാല ദോശ തുടങ്ങിയ പ്രഭാതഭക്ഷണങ്ങൾക്കും വലിയ തോതിൽ വില കൂടിയേക്കാം.
തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടാൻ കാരണമാകുമെന്ന് കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. ഇത് ഉപഭോക്താക്കൾക്കും ചെറുകിട ഹോട്ടൽ ഉടമകൾക്കും അധിക ഭാരമായി മാറും.
കുറഞ്ഞ വേതനത്തിൽ ഏകദേശം 60 ശതമാനത്തോളം വർദ്ധനവ് വരുത്തുന്ന പുതിയ വേതന ഘടന, നിലവിൽ തന്നെ ഉയർന്ന പ്രവർത്തനച്ചെലവ് കാരണം പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി (ഹോട്ടൽ) മേഖലയെ സാരമായി ബാധിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ. ഷെട്ടി പറഞ്ഞു. സോൺ 3 താലൂക്കുകളിലെ അൺസ്കിൽഡ് (വിദഗ്ദ്ധരല്ലാത്ത) തൊഴിലാളികൾക്ക് 19,300 രൂപ മുതൽ സോൺ 1-ലെ ഹൈലി സ്കിൽഡ് (ഉയർന്ന വൈദഗ്ധ്യമുള്ള) തൊഴിലാളികൾക്ക് 31,100 രൂപ വരെയാണ് ഇപ്പോഴത്തെ വേതനമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുക്കിയ വേതനം നിലവിലുള്ള രീതിയിൽ തന്നെ നടപ്പിലാക്കുകയാണെങ്കിൽ, ജനപ്രിയ പ്രഭാതഭക്ഷണങ്ങളുടെ വില കുത്തനെ ഉയർന്നേക്കും. നിലവിൽ 50 രൂപയോളമുള്ള ഒരു പ്ലേറ്റ് ഇഡ്ഡലിയുടെ വില 80-90 രൂപ വരെയായേക്കാം, മസാല ദോശയുടെ വില നിലവിലെ 80-90 രൂപയിൽ നിന്ന് 150 രൂപ വരെ ഉയർന്നേക്കാം. കൂടാതെ, 150-200 രൂപ നിരക്കിലുള്ള വെജിറ്റേറിയൻ ഊണിന് 250-300 രൂപ വരെയും, ബെംഗളൂരുവിലെ ബിരിയാണിയുടെ വില 300-350 രൂപയിൽ നിന്ന് 500 രൂപയോളമായും ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ വൻ വർദ്ധനവ് ഹോട്ടൽ മേഖലയ്ക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങൾക്കുള്ളിൽ സിലിണ്ടർ വില 1,884 രൂപയിൽ നിന്ന് 3,152 രൂപയായി ഉയർന്നതായി ഷെട്ടി പറഞ്ഞു. എൽ.പി.ജി ചെലവുകൾക്ക് പുറമേ, ഉയർന്ന പലചരക്ക് സാധനങ്ങളുടെ വില, വർദ്ധിച്ച വൈദ്യുതി നിരക്ക്, മാലിന്യ നികുതി എന്നിവയും ഹോട്ടലുടമകൾ നേരിടുന്ന പ്രതിസന്ധികളാണ്.






