
ലോസ് ഏഞ്ചല്‍സ്: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയ്ക്കും ജയം. ലാറ്റിനമേരിക്കന്‍ കരുത്തരായ പരാഗ്വേയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് അമേരിക്ക തോല്‍പ്പിച്ചത്. ഫ്ളോറില്‍ ബലോഗണിന്റെ ഇരട്ടഗോളുകള്‍ക്ക് പുറമേ ജിയോവാനി റെയ്നയും പരേഗ്വേതാരം ബൊബാദില്ലയുടെ സെല്‍ഫ് ഗോളുമായിരുന്നു അമേരിക്കയെ തുണച്ചത്. പരാഗ്വേ മൗറീഷ്യയിലൂടെ ഒരുഗോള്‍ മടക്കി.
ഏഴാം മിനിറ്റില്‍ പരാഗ്വേതാരം ഡാമിയന്‍ ബൊബദില്ലയുടെ സെല്ഫ്ഗോളിലായിരുന്നു അമേരിക്ക ആദ്യം മുന്നിലെത്തിയത്. പരാഗ്വെയുടെ ബോക്സിനുള്ളില്‍ വെച്ച് പന്ത് തട്ടിയെടുത്ത് വലയിലാക്കാന്‍ യു.എസ്.എ താരങ്ങള്‍ കടുത്ത പോരാട്ടമാണ് നടത്തിയത്. എന്നാല്‍ ഇതിനിടയില്‍ ഒരു പാസ് തടയാന്‍ ശ്രമിച്ച പരാഗ്വെ താരം ബൊബാദില്ല സ്വന്തം ഗോള്‍കീപ്പറെ വെട്ടിച്ച് പന്ത് വലയ്ക്കുള്ളിലേക്ക് തന്നെ അടിച്ചുകയറ്റി.
പരാഗ്വെയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ അബദ്ധത്തിലൂടെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ യു.എസ്.എ ലീഡ് നേടി. മുപ്പത്തൊന്നാം മിനിറ്റില്‍ അമേരിക്ക വീണ്ടും സ്കോര്‍ ചെയ്തു. തൊട്ടുമുമ്പ് ഓഫ് സൈഡ് കാരണം ഗോള്‍ നിഷേധിക്കപ്പെട്ട യു.എസ്.എയുടെ ഫോളാരിന്‍ ബലോഗന്റെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവ്! ഇത്തവണ ക്രിസ്റ്റ്യന്‍ പുലിസിക് നല്കിയ പാസ് ബോക്സിനുള്ളില്‍ വെച്ച് ബലോഗന് നിയന്ത്രണത്തിലാക്കി. ഒട്ടും പതറാതെ, പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിന് ഒരു അവസരവും നല്‍കാതെ ബലോഗന് പന്ത് ശക്തമായി വലയിലേക്ക് അടിച്ചുകയറ്റി.
ആദ്യ ഇഞ്ചുറി ടൈമില്‍ തന്നെ അമേരിക്ക ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ മാലിക് ടില്‍മാന്‍ നല്കിയ പാസുമായി പോസ്റ്റിന് മുന്നിലേക്ക് കുതിച്ച ഫോളാരിന്‍ ബലോഗന്, ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വീണ്ടും പന്ത് വലയിലെത്തിച്ചു. എന്തുചെയ്യണമെന്നറിയാതെ ഒര്‍ലാന്‍ഡോ ഗില്‍ നോക്കിനില്‍ക്കെ യു.എസ്.എ മത്സരത്തിലെ തങ്ങളുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി.
രണ്ടാംപകുതിയില്‍ തിരിച്ചുവരാന്‍ പരാഗ്വേ നടത്തിയ ശ്രമം വിജയിച്ചു. വളരെ ലളിതമായ ഒരു നീക്കമായിരുന്നു അത്. പരാഗ്വെ ഗോള്‍കീപ്പര്‍ പന്ത് മുന്നോട്ട് അടിച്ചു നല്കിയപ്പോള് അത് തട്ടിയെടുക്കാന്‍ യു.എസ്.എ പ്രതിരോധത്തിന് കഴിഞ്ഞില്ല. മിഗുവേല്‍ അല്മിറോണ് നല്കിയ പന്തുമായി മുന്നേറിയ ജോസ് എന്‍സിസോ അത് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മൗറീഷ്യോയ്ക്ക് കൈമാറി. മൗറീഷ്യോ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ദൂരെയുള്ള കോര്‍ണറിലേക്ക് തുളച്ചുകയറി.
പിന്നാലെ അമേരിക്ക നാലാം ഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യു.എസ്.എ തങ്ങളുടെ നാലാം ഗോളും സ്വന്തമാക്കി. ഈ ഗോളിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ശില്പി ജിയോവാനി റെയ്നയാണ്; ബോക്സിനുള്ളിൽ വെച്ച് ലഭിച്ച ഒരു മികച്ച പാസ് നിയന്ത്രണത്തിലാക്കിയ താരം, പന്ത് നേരിട്ട് വലയിലേക്ക് എത്തിക്കാൻ പാകത്തിൽ ഒരു ശക്തമായ കിക്ക് തൊടുക്കുകയായിരുന്നു. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് യു.എസ്.എ ഒരു സിംഗിൾ മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്.






