
തൃശൂര്‍: ഭാര്യയെ മര്‍ദിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് എ ആര് ശ്രീകുമാര്‍ തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്.
സംസ്ഥാന അധ്യക്ഷകന്‍ രാജീവ് ചന്ദ്രശേഖറിന് രാജി കൈമാറി. കുടുംബപരമായ വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും നയിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് ശ്രീകുമാര്‍ രാജി അറിയിച്ചുകൊണ്ടുളള കത്തില്‍ പരാമര്‍ശിക്കുന്നു. തന്റെ ചോരക്കായി പലരും ഈ ഒരു വര്‍ഷക്കാലമായി ദാഹിക്കുന്നുവെന്ന് രാജിക്കത്തില്‍ എ ആര് ശ്രീകുമാര്‍ പറയുന്നു.
വീട്ടില്‍ വൈകി വന്നതിന്റെ വിരോധത്തില്‍ ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയിലായിരുന്നു ശ്രീകുമാറിനെതിരായ ആദ്യ കേസ്. നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. യുവതിയെ തടഞ്ഞുനിര്‍ത്തി ഇരുകരണത്തും ഇടതുകണ്ണിനും അടിച്ചുവെന്നും മുടിയില്‍ പിടിച്ചുവലിച്ചെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിക്കും കേസിനും പിന്നാലെ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു രണ്ടാമത്തെ കേസ്.






