
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ പരിശീലകന് ക്ളോഡിയോ റെനിയേരിയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാര് ലെസ്റ്റര്‍ സിറ്റി വന്‍ വിജയം നേടി. തിങ്കളാഴ്ച ലിവര്‍പൂളിനെ സ്വന്തം മൈതാനത്ത് 3-1 ന് അവര്‍ കെട്ടുകെട്ടിച്ചു. സൂപ്പര്‍താരം ജാമി വാര്‍ഡിയുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തിലായിരുന്നു വിജയം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു റെനിയേരിയെ ക്ളബ്ബിന്റെ തായ്ലന്റ് ഉടമകള്‍ പുറത്താക്കിയത്. ഇതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തിലായിരുന്നു ടീം വിജയിച്ചു കയറിയതും. ഈ വിജയം ലീഗില്‍ പുറത്താകല്‍ ഘട്ടത്തില്‍ നിന്നും ടീമിനെ രക്ഷിച്ചിരിക്കുകയാണ്. 12 മത്സരങ്ങള്‍ ബാക്കി നില്‍ക്കേ പതിനഞ്ചാം സ്ഥാനത്തു നിന്നും രണ്ടു സ്ഥാനം മുകളിലേക്ക് ഉയരാന്‍ ടീമിനെ സഹായിച്ചിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ 24 ഗോളുകള്‍ അടിച്ചു കൂട്ടിയ ജാമി വാര്‍ഡി ഈ സീസണില്‍ വന്‍ പരാജയമായിരുന്നിടത്തു നിന്നുമാണ് തിരിച്ചു വന്നത്. ഡിസംബര്‍ 31 ന് ശേഷം വാര്‍ഡി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. മൂന്നാം ഗോള്‍ ഡാനി ഡ്രിങ്ക് വാട്ടര്‍ നേടുകയും ചെയ്തു. ഫിലിപ്പെ കൗട്ടീഞ്ഞോയായിരുന്നു ലിവര്‍പൂളിന്റെ സ്കോറര്‍. 28 ാം മിനിറ്റിലായിരുന്നു വാര്‍ഡി ആദ്യ ഗോള്‍ കുറിച്ചത്. തൊട്ടു പിന്നാലെ 39 ാം മിനിറ്റില്‍ ഡ്രിങ്ക്വാട്ടര്‍ സ്കോര്‍നില കൂട്ടുകയും 60 ാം മിനിറ്റില്‍ വാര്‍ഡി തന്നെ സ്കോര്‍ മൂന്നാക്കി മാറ്റുകയുമായിരുന്നു. എട്ടു മിനിറ്റ് കഴിഞ്ഞ് ലിവര്‍പൂള്‍ ഫിലിപ്പ് കൗട്ടീഞ്ഞയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും കൂടുതല്‍ ഗോളടിക്കാനായില്ല.
വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയുന്ന അവസാരമാണ് ലിവര്‍പൂള്‍ നഷ്ടപ്പെടുത്തിയത്. പരാജയപ്പെട്ടതോടെ അവര്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഞായറാഴ്ച ആഴ്സണലിനെതിരേയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലസ്റ്റര്‍ സിറ്റിക്ക് ഹള്സിറ്റിയാണ് അടുത്ത എതിരാളികള്‍. കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ലസ്റ്റര്സിറ്റി ഹള്‍സിറ്റിയെ നേരിടും.






