പന്തളം: വിജയം മാര്‍ക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, മൂല്യബോധവും മാനവികതയും സേവന മനോഭാവവും ചേര്‍ന്ന ജീവിതമാണ് യഥാര്‍ഥ വിജയമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. തുമ്പമണ്‍ എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച തേജസ്- 26 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനം വ്യക്‌തിയെ തൊഴില്‍ നേടാന്‍ മാത്രം സഹായിക്കുന്ന ഉപാധിയല്ലെന്നും സമൂഹത്തിന് വെളിച്ചമാകുന്ന വ്യക്‌തിത്വത്തെ രൂപപ്പെടുത്തുന്ന പ്രക്രിയയാണെന്നും മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി.മത്സരങ്ങളുടെ ലോകത്ത് മുന്നേറുമ്പോഴും സത്യസന്ധതയും കരുണയും വിശ്വാസവും കൈവിടരുത്. ഇന്ന് ആദരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നാളെയുടെ സമൂഹത്തെ നയിക്കുന്നവരാണ്. അതിനാല്‍ വിജ്‌ഞാനത്തിനൊപ്പം വിനയവും ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കണം.
മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാര്‍ത്ഥ പരിശ്രമമാണ് വിദ്യാര്‍ത്ഥികളുടെ വിജയത്തിന് അടിത്തറ. അവരുടെ സമര്‍പ്പണത്തെ സമൂഹം എന്നും ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ടി.എ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്‌മാസ്‌റ്റര്‍ കൊമ്പിയില്‍ ടി. ഐ സഖറിയായുടെ സ്‌മരണാര്‍ത്ഥം വടക്കേ താഴേതില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന്റെ ഉദ്‌ഘാടനവും മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. കുടുംബയോഗം പ്രസിഡന്റ് വി.എസ് ഇടിക്കുള അനുസ്‌മരണ പ്രസംഗം നടത്തി.
വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനായി രൂപീകരിച്ച ആര്‍ദ്രം ചാരിറ്റി ഫണ്ടിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാജേഷ് കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. ജിജി സാമുവേല്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോര്‍ജ്, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ റോയി ജോണ്‍, പ്രിന്‍സിപ്പല്‍ മേരി ഫിലിപ്പോസ് തരകന്‍, ഹെഡ്‌മിസ്‌ട്രസ് ജോമിനി സൂസന്‍ ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധികളായ നിയ ജോസ്, നെയ്‌തല്‍ റിച്ച ഷിജു എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും മത്സര പരീക്ഷ വിജയികളേയും ലിറ്റില്‍ കൈറ്റ്‌സിന്റെ സംസ്‌ഥാന തലത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയേയും സമ്മേളനത്തില്‍ മൊമെന്റെയും കാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു.




