
ആലപ്പുഴ: മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രതികരിച്ച് ജി.സുധാകരന്‍. ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും പറഞ്ഞു.
മെഡിക്കല്‍ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നും ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും കഴിഞ്ഞദിവസം സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ഡിവൈഎഫ്‌ഐ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലക്കംമറിയുന്ന പ്രതികരണവുമായി സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവില്‍ പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിക്കായിരുന്നു എന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞു. പിരിച്ച പണം പാര്‍ട്ടിക്ക് അല്ല കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് ഞാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി സുധാകരന്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കല്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികള്‍ എങ്കിലും നല്‍കേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ്. ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകള്‍ നല്‍കുവാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അങ്ങേയ്‌ക്കോ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാന്‍ സാധിക്കുമോയെന്ന് മനു സി പുളിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.






