
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമനടപടികളിലേക്ക് നീങ്ങാൻ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. പൊതുതാൽപര്യ ഹർജി സമർപ്പിക്കുന്ന സാധ്യതയാണ് പാർട്ടി പരിഗണിക്കുന്നത്. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.
ഓഹരി കൈമാറ്റം സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണോയെന്ന് വിശദമായി പരിശോധിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. മുൻ സർക്കാർ ഒപ്പുവെച്ച കരാറിൽ ഓഹരി കൈമാറ്റത്തിന് വഴിയൊരുക്കുന്ന വ്യവസ്ഥകളുണ്ടോയെന്നും പരിശോധിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിന്റെ പൊതുപ്രാധാന്യം കണക്കിലെടുത്ത് നിയമനടപടികളിലേക്ക് കടക്കാനാണ് പ്രാഥമിക ധാരണ. പൊതുതാൽപര്യ ഹർജി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം നാളത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളും.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നാളെ സിപിഐഎമ്മുമായി നടക്കുന്ന ചർച്ചയും സെക്രട്ടേറിയേറ്റിൽ വിലയിരുത്തി. ഈ വിഷയത്തിൽ പാർട്ടി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്.
സെപ്റ്റംബർ ഒന്നിന് നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിൽ സംസ്ഥാനത്ത് നിന്ന് 1,700 പേരെ പങ്കെടുപ്പിക്കാനും തീരുമാനമായി. ഇതിനായി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 28ന് തിരുവനന്തപുരം നിന്ന് സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ പുറപ്പെടും.






