
ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ശുപാർശ നൽകിയത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ഹരിപ്പാട് പൊലീസ് സാവരിയയുടെ ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ സാവരിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ, മൃതദേഹത്തിന്റെ ചിത്രങ്ങൾ, ലാപ്ടോപ്പ് എന്നിവയും പൊലീസ് ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഉസ്ബക്കിസ്ഥാൻ പൊലീസ് അധികൃതരിൽ നിന്ന് മൃതദേഹത്തിനൊപ്പം ബന്ധുക്കൾ ഏറ്റുവാങ്ങിയ വസ്തുക്കളാണ് പിന്നീട് ഹരിപ്പാട് പൊലീസിന് കൈമാറിയത്. ഇതിൽ ലാപ്ടോപ്പിന്റെ ഒരു ഭാഗം തകർന്ന നിലയിലാണ് കണ്ടെത്തിയത്. പ്രതി ഇത് ഉപയോഗിച്ചാണോ സാവരിയയെ മർദിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസിലെ പ്രതിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനം (22) സാവരിയയെ നേരത്തെയും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സാവരിയയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും, ഇത് കൊലപാതക ദിവസം മാത്രമല്ല അതിന് മുൻപുണ്ടായ മർദനത്തിന്റെ ഭാഗമായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
സദറുൽ അനമിന്റെ മാതാപിതാക്കൾക്കും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് സാവരിയയുടെ ബന്ധുക്കളുടെ ആവശ്യം. ഇവർ സാവരിയയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഈ മാസം മൂന്നിനാണ് സാവരിയ ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്. അതിന് തൊട്ടുമുമ്പ് രണ്ടാം തീയതിയാണ് സാവരിയയെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾ ഡെലിവർ ആയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
സംഭവസമയത്ത് സാവരിയയുടെ മൊബൈൽ ഫോൺ പ്രതിയുടെ കൈവശമായിരുന്നോ എന്ന സംശയവും ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. നിലവിൽ ഫോൺ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇത് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






