
കൊല്‍ക്കത്ത: ഹിന്ദുത്വ, ആര്‍ഷഭാരത സംസ്ക്കാര ബോധവല്‍ക്കരണത്തിനായി പുതിയ മാര്‍ഗ്ഗം തേടുന്ന ആര്‍എസ്എസ് ഇക്കാര്യത്തില്‍ ചലച്ചിത്രമേളയുമായി രംഗത്ത്. കൊല്‍ക്കത്തയിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ ബോധം, ഇന്ത്യന്‍ ധര്‍മ്മചിന്തയുടെ അടിസ്ഥാന ശിലകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് ചലച്ചിത്രോത്സവം നടത്തുന്നത്.
ആര്‍എസ്എസിന്റെ മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര നടത്തുന്ന മാനുഷ് ചായ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ''ഹിന്ദുത്വ'' എന്ന കാര്യം ഔദ്യോഗികമായി കാണിച്ചിട്ടില്ല. മനുഷ്യനെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകള്‍ പ്രചോദനവല്ക്കരിക്കുകയാണ് പരിപാടി കൊണ്ട ഉദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. ഫെബ്രുവരി ആദ്യം മുതല്‍ ക്ഷണിച്ച എന്‍ട്രികളില്‍ 50 എണ്ണം തെരഞ്ഞെടുത്തിരിക്കുകയാണ്. മാര്‍ച്ച് 31 മുതല്‍ തരം തിരിക്കല്‍ ജോലികള്‍ നടത്തും. ഏപ്രില്‍ മുതലായിരിക്കും പ്രദര്‍ശനം നടത്തുക.
ടൈറ്റിലുകള്‍ ഉള്‍പ്പെടെ ഓരോ ലഘുചിത്രവും 10 മിനിറ്റ് വീതമാണ് ദൈര്‍ഘ്യം. ഫിക്ഷന്‍,നോണ്‍ ഫിക്ഷന്‍, ആനിമേഷന്‍, ഡ്രാമ, ഡോക്യൂ ഡ്രാമ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ നിന്നുള്ള വിജയികളെ ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കും. ജേതാക്കള്‍ക്ക് സാമ്പത്തികമായും അല്ലാതെയുമുള്ള സമ്മാനങ്ങളും ഉണ്ടാകും. ബംഗാളികളെ യഥാര്‍ത്ഥ ഇന്ത്യന്‍ മൂല്യം എന്താണെന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യത്വ മൂല്യങ്ങളെയും ദേശീയതയെയും പരിപാലിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് പറയുന്നു.





