
റാന്നി: ജീര്ണ്ണാവസ്ഥയിലുള്ള റാന്നി പള്ളിയോടം 1261- നമ്പര് പഴവങ്ങാടിക്കര എന്.എസ്.എസ് കരയോഗവും റാന്നി അവിട്ടം ജലോത്സവ സമിതിയും ചേര്ന്നു പുനര്നിര്മ്മിക്കാന് രൂപരേഖയായി.വെള്ളപ്പൊക്കത്തില് കേടുപാടുകള് സംഭവിച്ച പള്ളിയോടം നീറ്റിലിറക്കാന് പറ്റാത്ത അവസ്ഥയിലാണ്. ഇത്തവണ ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം എന്നീ ജലമേളകളില് പങ്കെടുക്കുവാന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്ന്നാണ് പുതിയ പള്ളിയോടം നിര്മിക്കാന് എന്. എസ്. എസ് കരയോഗം, അവിട്ടം ജലോത്സവസമിതി എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചത്.
ബി ബാച്ച് പള്ളിയോടം റാന്നിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ ഹകരണത്തോടെ നിര്മ്മിക്കാനാണ് പദ്ധതി. 65 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അവിട്ടം ജലോത്സവസമിതി ചെയര്മാന് റിങ്കു ചെറിയാന് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയില് അധ്യക്ഷനായിരുന്നു. വര്ക്കിങ് പ്രസിഡന്റ് അഡ്വ. ഷൈന് ജി കുറുപ്പ്, പഴവങ്ങാടിക്കര എന് .എസ്. എസ് കരയോഗം പ്രസിഡന്റ് കെ ഗോപാലകൃഷ്ണ കുറുപ്പ്, സെക്രട്ടറി പി. കെ മോഹനന് നായര്, വൈസ് പ്രസിഡന്റ് പി. ജി പ്രസാദ് കുമാര്, പള്ളിയോടാ സേവ സംഘം പ്രതിനിധി പി. വി സോമശേഖരന് നായര്, അവിട്ടം ജലോത്സവ സമിതി ജനറല് സെക്രട്ടറി ടി.കെ രാജപ്പന്, രവി കുന്നയ്ക്കാട്ട്, വി. കെ രാജഗോപാല്, സജി നെല്ലുവേലില്, കെ.എം സതീഷ് കുമാര്, വി.പി രജിന്ദ്രന് നായര്, സി. കെ മോഹന്ദാസ്, വി .ആര് രവീന്ദ്രന് നായര്, വി ജയകുമാര് എന്നിവര് പ്രസംഗിച്ചു.



Comments