
തിരുവനന്തപുരം: എംഎല്എ രമ്യാഹരിദാസും പ്രാദേശികനേതാക്കളും തമ്മിലുള്ള കയ്യാങ്കളി വിവാദം പരിഹരിക്കാന് കഴിയാതെ കോണ്ഗ്രസ്. അഭിപ്രായവ്യത്യാസങ്ങള് പരിഹരിക്കാന് നിയോഗിച്ച കെപിസിസി സമിതിയുടെ ചര്ച്ചകളും പരാജയപ്പെട്ടതോടെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില് എത്തിയിട്ടുണ്ട്. എംഎല്എയ്ക്ക് എതിരേ ജില്ലാ, മണ്ഡലം കമ്മറ്റികള് പ്രമേയങ്ങളും പാസ്സാക്കി.
എംഎല്എയുടെ പേഴ്സണല് സ്റ്റാഫിലെ മൂന്നുപേരില് രണ്ടുപേരും അടുത്തിടെ രാജിവെച്ചിരുന്നു. രമ്യയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാര്യമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും, വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് എംഎല്എയുടെ വിശദീകരണം. ഇതിന് പിന്നാലെ രമ്യയുടെ ഭാഗം കേള്ക്കാതെ തന്നെ പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതി തര്ക്കവിഷയത്തില് നേതൃത്വത്തിന് റിപ്പോര്ട്ട് സമര്പ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി വിട്ടുനിന്നതിനാല് രമ്യാഹരിദാസ് സമിതിയുടെ തെളിവെടുപ്പില് നിന്നും വിട്ടു നിന്നിരുന്നു.
എന്നാല് തന്റെ നിലപാടുകള് കെപിസിസി അധ്യക്ഷനെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, തെളിവെടുപ്പില് പങ്കെടുക്കാന് കഴിയാത്തതിനുള്ള കാരണം പാര്ട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും രമ്യാ ഹരിദാസ് വിശദീകരിച്ചു. അതേസമയം, പ്രാദേശിക നേതാക്കളും ഒരു വിഭാഗം പ്രവര്ത്തകരും രമ്യാ ഹരിദാസിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ്.
ജില്ലാക്കമ്മറ്റിയും എംഎല്എ യ്ക്ക് എതിരേ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ പാര്ട്ടിയുടെ തോല്വിക്ക് കാരണം എംഎല്എയുമായുള്ള തര്ക്കങ്ങളും അതുണ്ടാക്കിയ അവമതിപ്പുമാണെന്ന് ജില്ലാ കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്. ഈ പശ്ചാത്തലത്തിലാണ് മണ്ഡലം കമ്മിറ്റികള് പ്രമേയവുമായി മുന്നോട്ട് വന്നത്.
മണ്ഡലത്തില് എംഎല്എയും പ്രവര്ത്തകരും തമ്മിലുണ്ടായ സംഘര്ഷത്തിന് പിന്നാലെ പാര്ട്ടി ഘടകങ്ങളും എതിര്പ്പ് പരസ്യമാക്കി. ഇതിന്റെ ഭാഗമായി കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് രമ്യയ്ക്കെതിരെ രൂക്ഷമായ പ്രമേയങ്ങള് പാസാക്കി. പാര്ട്ടി അച്ചടക്കത്തിന് വിധേയമായി എംഎല്എ പ്രവര്ത്തിക്കണമെന്നാണ് ഈ കമ്മിറ്റികളുടെ ആവശ്യം. ആസ്തി വികസന ഫണ്ട് കൃത്യമായി വിനിയോഗിക്കണമെന്നും വികസന പദ്ധതികള് സമയബന്ധിതമായി സമര്പ്പിക്കണമെന്നും പ്രമേയത്തില് ആവശ്യപ്പെടുന്നുണ്ട്.







Comments