
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദൗര്‍ഭാഗ്യം തുടരുമ്പോള്‍ ആഴ്സണല്‍ കഷ്ടിച്ച് ജയവുമായി മുമ്പോട്ട് പോയപ്പോള്‍ ഈ സീസണിലെ വണ്ടര്ടീമായ ബ്രൈട്ടന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തുവിട്ടു.
ലീഡ്സിനെതിരെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം കണ്ടെത്താനായില്ല. എല്ലന്‍ റോഡില്‍ നടന്ന മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡ് സമനിലയില്‍ തളച്ചതോടെ, മൈക്കള്‍ കാരിക്കിന് കീഴിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയമില്ലാത്ത മത്സരങ്ങളുടെ എണ്ണം ആറായി.
ക്ലബ്ബിന്റെ ഉന്നതരെ വിമര്‍ശിച്ചതിന് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പിഴ ചുമത്തിയ പ്രക്ഷുബ്ധമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് യുണൈറ്റഡ് ഈ മത്സരത്തിന് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ബ്രയാന്‍ എംബുമോയിലൂടെ യുണൈറ്റഡ് ലീഡ് എടുത്തിരുന്നെങ്കിലും, രണ്ടാം പകുതിയില്‍ ഡൊമിനിക് കാല്‍വെര്‍ട്ട് ലൂവിനിലൂടെ ലീഡ്സ് സമനില പിടിക്കുകയായിരുന്നു. 13-ാം സ്ഥാനത്തുള്ള യുണൈറ്റഡ് 2018-19 സീസണിന്റെ അവസാനത്തിന് ശേഷം ആദ്യമായാണ് എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ വിജയം കാണാതെ പോകുന്നത്.
നോട്ടിങ്ഹാമിനെ ഒരു ഗോളിന് വീഴ്ത്തി ആഴ്സണല്‍ കഷ്ടിച്ച് വിജയം നേടി. പ്രതിരോധ നിരയെ മറികടക്കാന്‍ പാടുപെട്ട നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍, പകരക്കാരനായി ഇറങ്ങിയ നോനി മാഡ്യുക്കെയുടെ രണ്ടാം പകുതിയിലെ ഗോളിലാണ് നോട്ടിങ്ഹാം ഫോറസ്റ്റിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍മുഖത്തേക്ക് കൃത്യമായ ഷോട്ടുകള്‍ തൊടാനാകാതെ വന്നിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മാഡ്യുക്കെയുടെ ഷോട്ട് ഡാനിയല്‍ മുണോസില് തട്ടി വലയിലെത്തുകയായിരുന്നു.
ഈ വിജയത്തോടെ ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാമതായി തുടരുന്നു. ആകര്‍ഷകമായ പ്രകടനവുമായി ചിരവൈരികളായ ക്രിസ്റ്റല്‍ പാലസിനെതിരെ ബ്രൈറ്റന് ഗോളടിമേളം തീര്‍ത്തു. മത്സരത്തിന്റെ തുടക്കത്തില്‍ ജെയ്ഡീ കന്വോട്ടിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബ്രൈറ്റനായി, യുവ താരം ഡീഗോ ഗോമസ് പകുതി മൈതാനത്തുനിന്ന് തൊടുത്ത അവിശ്വസനീയമായ ലോങ് റേഞ്ചര്‍ ഗോളിലൂടെ ലീഡ് ഇരട്ടിയാപ്പിച്ചു. ഒപ്റ്റയുടെ കണക്കുപ്രകാരം 51 മീറ്റര്‍ അകലെ നിന്നാണ് ഈ ഗോള്‍ പിറന്നത്.
യാസിന് അയാരി, ചരലംപോസ് കോസ്റ്റൗളാസ്, ജാക്ക് ഹിന്ഷെല്വുഡ് എന്നിവരും കൂടി ലക്ഷ്യം കണ്ടതോടെ 1956 ന് ശേഷമുള്ള പാലസിനെതിരെയുള്ള തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് ബ്രൈറ്റന് സ്വന്തമാക്കിയത്.







Comments