
ലാപാസ്: സൂപ്പര്‍താരം ലയണേല്‍ മെസിക്ക് നാലു മത്സരങ്ങളില്‍ ഫിഫ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂനിന്മേല് കുരുവായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കനത്ത തിരിച്ചടിയും. ലാറ്റിനമേരിക്കന്‍ ടീമുകളിലെ ഏറ്റവും ദുര്‍ബ്ബലരെന്ന് പേരുള്ള ബൊളീവിയയോട് ഏകപക്ഷീയമായ രണ്ടു ഗോളിന് മുന്‍ ചാമ്പ്യന്മാര് തോല്‍വി ഏറ്റുവാങ്ങി. ലാ പാസില്‍ നടന്ന മത്സരത്തില്‍ കിട്ടിയ ഈ അപ്രതീക്ഷിത തിരിച്ചടി അര്‍ജന്റീനയുടെ മോഹങ്ങളില്‍ പോറല്‍ വീഴ്ത്തി.
ചിലിക്കെതിരേ 1-0 ന് ജയിച്ച മത്സരത്തില്‍ റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മെസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യുവാന്‍ കാര്‍ലോസ്, മാഴ്സലോ മൊറാനോ എന്നിവര്‍ രണ്ടു പകുതികളിലായി നേടിയ ഗോളുകളാണ് അര്‍ജന്റീനയെ വീഴ.ത്തിയത്. ചിലിക്കെതിരേ വിജയം നേടിയതിലൂടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്ന അര്‍ജന്റീനയ്ക്ക് തോല്‍വി സമ്മാനിച്ചത് കനത്ത തിരിച്ചടിയായിരുന്നു. ആഗസ്റ്റില്‍ ഉറുഗ്വേയ്ക്കെതിരേ ബ്യൂണസ് ഐറിസിലാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് മുന്നേറ്റത്തില്‍ മികവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേമസമയം മറുവശത്ത് ലീഗ് പട്ടികയില്‍ ഒന്നാമതുള്ള ബ്രസീല്‍ വീണ്ടും കരുത്തു കാട്ടി. പരാഗ്വേയെ 3-0 ന് തോല്‍പ്പിച്ചു. ലിവര്‍പൂള്‍ സൂപ്പര്‍താരം ഫിലിപ്പെ കൗട്ടീഞ്ഞോ വീണ്ടും ഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍താരങ്ങളായ നെയ്മറും മാഴ്സലോയും ബ്രസീലിനായി ഗോളുകള്‍ അടിച്ചു കൂട്ടി. റയല്‍ താരം ജെയിംസ് റോഡ്രിഗ്രസിന്റെ ഗോളില്‍ കൊളംബിയ 2-0 ന് ഇക്വഡോറിനെ പരാജയപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റ ചിലി 3-1 ന് വെനസ്വേലയെ മടക്കി.



