രാഷ്ട്രീയം സാധ്യതയുടെ കലയാണെന്നാണ് പറയുന്നത്. അവിടെ ആദര്‍ശത്തേക്കാള്‍ പ്രായോഗിക നിലപാടുകള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുന്നത്. ഈ പ്രായോഗിക നിലപാടാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടത്. ശത്രുപാളയത്തില്‍ പരമാവധി ഭിന്നത ഉണ്ടാക്കാനുള്ള നീക്കത്തില്‍ സി.പി.എം വിജയിച്ചിരിക്കുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. മുന്നണികള്‍ക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും ഒഴികെയുള്ള കക്ഷികള്‍ രണ്ട് മുന്നണികളിലും മാറിമാറി പങ്കാളികളായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം കോട്ടയത്തെ സഖ്യത്തെ നോക്കി കാണാന്‍. കോട്ടയം സഖ്യത്തിന്റെ തുടര്‍ച്ചയായി കെ.എം മാണി ഇടതുമുന്നണിയില്‍ എത്തുകയും സി.പി.ഐ യു.ഡി.എഫിലേക്ക് പോകുകയും ചെയ്താല്‍ അത്ഭുതപ്പെടാനില്ല.
മധ്യതിരുവതാംകൂറില്‍ കെ.എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള സ്വാധീനം തന്നെയാണ് ഇരു മുന്നണികള്‍ക്കും ബി.ജെ.പിക്കും മാണിയെപ്രിയപ്പെട്ടവനാക്കുന്നത്. മധ്യതിരുവതാംകൂറില്‍ കെ.എം മാണിയും മലപ്പുറത്ത് നിന്ന് മുസ്ലീം ലീഗും ഉള്ളതിനാലാണ് കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ അധികാരത്തില്‍ എത്തുന്നത്. മാണി ഇടഞ്ഞു നിന്നാല്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്.
ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്കുള്ള വാതിലായാണ് കെ.എം മാണിയെ സി.പി.എം കാണുന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് കത്തോലിക്കര്‍ക്ക് സി.പി.എമ്മിനോടുള്ള അകല്‍ച്ച കുറയ്ക്കാന്‍ മാണിയുമാുള്ള കൂട്ടുകെട്ട് ഉപകരിക്കുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഒപ്പം മുന്നണിയില്‍ ഇടഞ്ഞു നില്ക്കുന്ന സി.പി.ഐയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കുക എന്നതും സി.പി.എമ്മിന്റെ ലക്ഷ്യമാണ്. സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായ കാലം മുതല്‍ കൃത്യമായി പിണറായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ വിട്ടുപോയാലും ഭരണം നിലനിര്‍ത്തുമെന്ന സന്ദേശമാണ് സി.പി.എം നല്‍കാനാഗ്രഹിക്കുന്നത്.
കെ.എം മാണി ഇടതുമുന്നണിയിലേക്ക് വന്നാല്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴത്തെ നിലപാട് അണികളോട് വിശദീകരിക്കാന്‍ സി.പി.എമ്മിന് ബാധ്യതയുണ്ട്. അതില്‍ പരാജയപ്പെട്ടാല്‍ സഖ്യനീക്കം തിരിച്ചടിക്കും. ഇതാണ് സി.പി.എം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധി. അതേസമയം ഇടതുമുന്നണിയില്‍ തങ്ങളുടെ പ്രസക്തി നഷ്ടപ്പെടും എന്നത് മാത്രമാണ് സി.പി.ഐയുടെ എതിര്‍പ്പിന് കാരണം. കെ.എം മാണി മുഖ്യന്ത്രിയാകാന്‍ യോഗ്യനാണെന്ന് പന്ന്യന്‍ രവീന്ദ്രന് അടക്കമുള്ള സി.പി.ഐ നേതാക്കളുടെ പഴയ പ്രസ്താവനകള്‍ പൊതുജനം മറന്നിട്ടില്ല. കെ.എം മാണിയെ പാലായിലെ മാണിക്യമെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. ന്യൂനപക്ഷങ്ങളിലേക്കുള്ള വാതിലായാണ് ബി.ജെ.പിയും അദ്ദേഹത്തെ കാണുന്നത്.
ചുരുക്കം പറഞ്ഞാല്‍ കോട്ടയം സഖ്യത്തെ വിമര്‍ശിക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് കെ.എം മാണി.





