
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. ഷാജുവിന്റെ കോടഞ്ചേരി പുലികയത്തെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന തെളിവെടുപ്പ് 15 മിനിറ്റോളം നീണ്ടു.
ഷാജുവിന്റെ മുന്‍ ഭാര്യ സിലിയുടെ മകന് ആല്‍ഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജോളിയെ ചൊവ്വാഴ്ചയാണ് പോലീസ് നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. സിലി വധത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ മാത്യുവിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്തു.
ഇതിനിടെ ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനുമായ ജോണ്‍സന്റെ കൈവശമുള്ള ആഭരണങ്ങള്‍ സിലിയുടേതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എട്ടേകാല്‍ പവന് സ്വര്‍ണം ജോണ്സണ് അന്വേഷണ സംഘത്തിന് കൈമാറി. ജോളി പണയം വെയ്ക്കാന്‍ നല്കിയ സ്വര്‍ണമാണെന്നായിരുന്നു ജോണ്‍സന്റെ മൊഴി.






