
ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കായികതാരമായ ജസ്പ്രീത് ബുംറ നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി വാഴ്ത്തപ്പെടുന്ന താരം കൂടിയാണ്. ബുംറയുടെ പന്തുകളെ നേരിടുന്നത് അത്ര ഈസിയായ കാര്യമല്ലെന്ന് സഹകായിക താരങ്ങളടക്കം നിരവധി ആളുകള്‍ പറഞ്ഞിട്ടുണ്ട്. ശരവേഗത്തില്‍ പായുന്ന ബുംറയുടെ പന്തുകള്‍ കളിക്കളത്തിലെ മികച്ച ബാറ്റ്സ്മാന്മാരെപ്പോലും ചെറിയ രീതിയില്‍ ഭയപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ ബുംറയെക്കുറിച്ച് രസകരമായ ഒരു ഓർമ്മ പങ്കിടുകയാണ് ഇതിഹാസ താരം യുവരാജ് സിംഗ്. 16 വയസ്സുള്ളപ്പോൾ ബുംറ എറിഞ്ഞ മാരകമായ പന്തുകൾ നേരിടാൻ താൻ ബുദ്ധിമുട്ടിയിരുന്നെന്നും അവനെ അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് യുവരാജ് പറഞ്ഞത്. കാൻസർ ചികിത്സ കഴിഞ്ഞ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്ന കാലത്താണ് യുവരാജ് ആദ്യമായി ബുംറയെ നേരിട്ടത്.
‘‘ബുംറയ്ക്ക് അന്ന് 16 വയസ്സാണ് പ്രായം. നെറ്റ്സിൽ അവൻ എനിക്ക് നേരെ പന്തെറിയുകയായിരുന്നു. അവന്റെ പന്തുകൾ അത്രമേൽ മാരകമായിരുന്നു. ‘ഈ കുട്ടിയെ ഇവിടെ നിന്ന് മാറ്റൂ, ഇവൻ എനിക്ക് നേരെ പന്തെറിയുന്നത് നിർത്തണം’ എന്ന് എനിക്ക് പറയേണ്ടി വന്നു. ഞാൻ തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്യുന്ന സമയമായിരുന്നു അത്, പക്ഷേ അവൻ അതിവേഗത്തിലാണ് പന്തെറിഞ്ഞിരുന്നത്...’ യുവരാജ് പറയുന്നു.
വർഷങ്ങൾക്ക് ശേഷം ബുംറയോട് തന്നെ താൻ ഈ കഥ പറഞ്ഞിട്ടുണ്ടെന്ന് യുവരാജ് വെളിപ്പെടുത്തി. “നീ അമിത വേഗതയിൽ പന്തെറിയുന്നത് കൊണ്ട് നിന്നെ നേരിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഞാൻ അവനോട് പറഞ്ഞത്... അന്ന് നീളമുള്ള റൺ-അപ്പ് ഉണ്ടായിരുന്ന ബുംറയ്ക്ക് പന്ത് ബൗൺസ് ചെയ്യിക്കാനും ബാറ്റിന്റെ റിബ്ബിലേക്ക് പായിക്കാനും പ്രത്യേക കഴിവുണ്ടായിരുന്നു. ബുംറ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ബാറ്റർമാർക്ക് അവനെ ആക്രമിക്കാൻ പേടിയാണ്. ബുംറ പന്തെറിയുമ്പോൾ വിക്കറ്റ് നൽകാതെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നത്. ബുംറയുടെ സ്ലോവർ ബോളുകൾ കണ്ടെത്തുക എന്നത് ഏതൊരു ബാറ്റർക്കും അസാധ്യമായ കാര്യമാണ്. അതുകൊണ്ടാണ് ഏത് ഫോർമാറ്റിലും അദ്ദേഹം അജയ്യനായി തുടരുന്നത്...’’ യുവരാജ് പറഞ്ഞു. ‘ദി ഓവർലാപ്പ് ക്രിക്കറ്റ്’ എന്ന പരിപാടിയിൽ മൈക്കൽ വോണുമായി സംസാരിച്ചപ്പോഴാണ് യുവരാജ് ഇക്കാര്യങ്ങള്‍ പങ്കിട്ടത്. ക്രിക്കറ്റിലേക്ക് ചുവടുവെച്ച നാൾ മുതൽ, ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലെല്ലാം മികച്ച പ്രകടനവുമായി ജസ്പ്രീത് ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച എല്ലാ ഫോർമാറ്റ് ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി മാറിയിട്ടുണ്ട്.
അർബുദത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ യുവരാജ് സിങ്ങ് കായിക ലോകത്ത് തിളങ്ങി നിന്നിരുന്ന സമയത്ത് ആറില്‍ ആറ് പന്തും സിക്സര്‍ അടിച്ചതടക്കം ക്രിക്കറ്റ് ലോകത്ത് പല ഐതിഹാസിക നിമിഷങ്ങളും യുവരാജ് സമ്മാനിച്ചിട്ടുണ്ട്.






